ഒറ്റപ്പാലം നഗരസഭയിലും അനങ്ങനടി, അമ്പലപ്പാറ, തൃക്കടീരി പഞ്ചായത്തുകളിലുമായി 1015 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്നതാണ് അനങ്ങന്‍മല. വളളുവനാടൻ സ്വപ്ന ചാരുത. പശ്ചിമഘട്ട മലനിരകളിൽ നിന്ന് വേർപ്പെട്ട് വളരെ ദൂരെ സ്ഥിതി ചെയ്യുന്ന പാറകൾ മാത്രമുള്ള ഒരു മല. പാറക്കൂട്ടങ്ങളും അരുവികളും പുല്‍മേടുകളുമായി കാഴ്ച്ചയുടെ നറു വസന്തമൊരുക്കുന്നു അനങ്ങന്‍മല.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുള്‍പ്പെടെ വിവിധ സസ്യ-ജന്തുജാലങ്ങളാല്‍ സമൃദ്ധമായ മലയില്‍ പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലൊരു ടൂറിസ്റ്റ് കേന്ദവുമുണ്ട്. മലയുടെ കീഴൂര്‍ പണിക്കര്‍കുന്ന് പ്രദേശത്തായി 2011ലാണ് അനങ്ങന്‍മലയിൽ ഈ പരിസ്ഥിതി സൗഹൃദകേന്ദ്രം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. ഒറ്റപ്പാലം വനംവകുപ്പിനു കീഴിലെ ഈ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് മഴക്കാലമായാൽ വിനോദസഞ്ചാരികളുടെ പ്രവാഹം തുടങ്ങുകയായി.
മലമുകളിൽ നിന്നുള്ള കാഴ്ച്ച മനോഹരമാണ്. തോടുകളും പാടങ്ങളും നീണ്ടുകിടക്കുന്ന ഭാരതപ്പുഴയുമെല്ലാം ഇവിടെനിന്നു നോക്കിയാൽ കാണാനാവും.
മലമുകളിൽനിന്നുള്ള കാഴ‌്ച ആസ്വദിക്കാൻ വലിയ തിരക്കാണ‌് അനുഭവപ്പെടുന്നത‌്.
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം ചെർപ്പുളശ്ശേരി റൂട്ടിൽ കീഴൂർ ജംങ്ക്ഷനിൽ ഇറങ്ങി നേരെ തിരിഞ്ഞ് ബോർഡ് സൂചിപ്പിക്കുന്ന വഴിയിലൂടെ ഒരു കി.മീ. പോയാൽ അനങ്ങൻമല ഇക്കോ ടൂറിസത്തിന്റെ കവാടമായി. കവാടത്തിന്റെ ഒരു വശം മലയും മറുവശം നല്ല മനോഹരമായ തട്ടുതട്ടായൊരു വെള്ളച്ചാട്ടവുമുണ്ട്. മഴക്കാലത്ത് രൂപപ്പെടുന്ന ഈ വെളളച്ചാട്ടത്തിന് മുകളിലൂടെ ഒരു പാലവുമുണ്ട്. വെളളച്ചാട്ടം നടന്നു കാണാൻ കരയിലൂടെ നടപ്പാതയും ഒരുക്കിയിട്ടുണ്ട്.
നിരവധി മലയാളം, തമിഴ് സിനിമകളുടെ ഷൂട്ടിങ്ങും ഇവിടെ നടന്നിട്ടുണ്ട‌്. രജനീകാന്ത‌് നായകനായ മുത്തു, ദാദാസാഹിബ്, അരയന്നങ്ങളുടെ വീട്, പരദേശി, ആകാശഗംഗ, നിവേദ്യം തുടങ്ങിയ അനേകം സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട‌്. കല്യാണ വീഡിയോ ചിത്രീകരണത്തിനും നിരവധിപേർ ഇവിടെ എത്തുന്നു. കീഴൂരിലെ നീർപ്പാലം(aqueduct), വെള്ളച്ചാട്ടം, മലകയറ്റം, പാർക്ക് എന്നിവയാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. വിവിധ വിദ്യാലയങ്ങളിലെ എന്‍.സി.സി, സ്റ്റുഡന്റ്സ് പൊലീസ് എന്നിവര്‍ ഇവിടം സന്ദര്‍ശിക്കുക പതിവാണ്.
ഒഴിവു ദിവസങ്ങളില്‍ ആയിരത്തിലധികം പേർ ഇവിടം സന്ദര്‍ശികാറുണ്ട്. രാവിലെ 9:30 മുതൽ വൈകീട്ട് 6:30 വരെയാണ് സമയം മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിങ്കൾ അവധിയാണ്.
വെളളച്ചാട്ടത്തിൻറെ വീഡിയോ ദൃശ്യം താഴെ
No comments:
Post a Comment