ചിരഞ്ജീവികളെ കുറിച്ച് കേട്ടിട്ടുണ്ടോ..?
'ചിരഞ്ജീവി' എന്ന് വെച്ചാൽ മരണമില്ലാത്തവ; അഥവാ, എന്നെന്നും ജീവനോടെ ഇരിക്കുന്നവ. മിത്തുകളിലും കഥകളിലുമൊക്കെയുള്ള- മരണമില്ലാത്ത മനുഷ്യരെ കുറിച്ചോ, ദൈവങ്ങളെ കുറിച്ചോ അല്ല; ശരിക്കും- യഥാര്‍ത്ഥ ജീവിതത്തിൽ മരണമെന്ന പ്രോഗ്രം ജീനുകളിലുൾച്ചേർന്നിട്ടില്ലാത്ത ജീവികളെ കുറിച്ചാണ് പറയുന്നത്. ലോകത്തെ ഒരു മതഗ്രന്ഥങ്ങളിലും പറഞ്ഞിട്ടില്ലാത്ത; എന്തിന്, 'ആയുസിൻറെ അറിവ് ' എന്നവകാശപ്പെടുന്ന ആയൂർവേദത്തിനും അജ്ഞാതമായിരുന്ന, ഭൂമിയിൽ മരണത്തെ അനുഭവിക്കാത്ത- ആ ജീവികളെ കുറിച്ച്--
ജനിച്ചാൽ മരണവും സുനിശ്ചിതമെന്നാണ് നാമെല്ലാം അറിഞ്ഞു വെച്ചിരിക്കുന്നത്. എന്നാൽ, സത്യത്തിൽ ജനിച്ച എല്ലാ
ജീവിവർഗ്ഗവും മരിക്കുന്നവയല്ല എന്നതത്രേ വാസ്തവം! മാത്രമല്ല, ഭൂമിയിൽ മരണത്തോടെ അവസാനിക്കുന്ന ജീവികളേക്കാൾ എണ്ണത്തിൽ കൂടുതലും മരണമില്ലാത്ത ജീവികളാണ് താനും. ജനിച്ചതെല്ലാം മരിക്കുമെന്നത് ഒരു പഴയ പൊതുനിരീക്ഷണത്തിന്‍െറ ഭാഗമായുണ്ടായ പ്രസ്താവന മാത്രമാണ്.
ഏകകോശ ജീവികളുടെയൊക്കെ ലോകത്തിലേക്കിറങ്ങിച്ചെന്നാൽ; അവരാരും മരിക്കുന്നേയില്ലെന്ന് കാണാൻകഴിയും. വളരുക - മൂക്കുക -വിഭജിക്കുക; അത്ര മാത്രം! ഒരു ഏകകോശ ജീവി സ്വയം വിഭജിച്ചാണു പെരുകുന്നത്. വിഭജനം വഴി ഒരു ജീവി രണ്ടാകുമ്പോൾ അവിടെ ഒന്ന് രണ്ടാവുന്നു എന്നല്ലാതെ ഒരു ‘യഥാര്‍ത്ഥ മരണം’ സംഭവിക്കുന്നില്ല; അതായത്, അതുവഴി ഒരു ‘ശവം’ ഉണ്ടാവുന്നില്ല എന്നു ചുരുക്കം.
വിഭജിച്ച് പെരുകുന്നവയാണ് ബാക്റ്റീരിയകൾ. മനുഷ്യ ശരീര ഭാരത്തിന്റെ ഏതാണ്ട് പത്ത് ശതമാനത്തിലധികവും നമ്മില്‍ വസിക്കുന്ന ബാക്റ്റീരിയകളുടേത് മാത്രമാണ്. ഭൂമിയെ 'ബാക്റ്റീരിയകളുടെ ഗ്രഹം' എന്നു പോലും വിളിക്കാറുണ്ട്. കാരണം അവരാണിവിടുത്തെ ആദിമ ജീവരൂപങ്ങള്‍. ഇന്നും അവയുടെ സാന്നിധ്യത്തോട് കിടപിടിക്കാന്‍ മറ്റൊരു ജൈവരൂപങ്ങള്‍ക്കുമാകില്ല. മിതശീതോഷ്ണ മേഖലയിലെ ഒരു ടീസ്പൂൺ മണ്ണിൽ മാത്രം ഏകദേശം അഞ്ഞൂറ് കോടി ബാക്റ്റീരിയകൾ ഉണ്ടാവുമത്രേ.. മൈക്രോസ്കോപ്പ് ഒക്കെ കണ്ടു പിടിക്കുന്നത് വരെ ആർക്കും ഇവയെക്കുറിച്ച് ഒരു പിടിയുമില്ലായിരുന്നു.
ജൈവീകമായ മരണമില്ലത്തവയാണ് പ്ലാനേറിയൻ വിരകൾ. ഇവയെ നെടുകെയോ കുറുകെയോ എങ്ങനെ മുറിച്ചാലും അവയെല്ലാം പുതിയ ഓരോ വിരകളായി മാറും.
ശാസ്ത്രലോകം ടുറിട്ടോപ്‌സിസ് ന്യൂട്രിക്കുല (Turritopsis nutricula)
എന്ന് പേരിട്ട് വിളിക്കുന്ന ജെല്ലിഫിഷാണ് മരണത്തെ മറികടക്കാന്‍ ശേഷിയുള്ള മറ്റൊരു ജീവി. ജൈവികമായി മരിച്ച കോശങ്ങള്‍ക്ക് പകരം പുതിയ കോശങ്ങളെ സൃഷ്ടിച്ചാണ് ജെല്ലിഫിഷ് മരണത്തെ അതിജീവിക്കുന്നത്.
പേരില്‍ ഫിഷ് എന്നുണ്ടെങ്കിലും മത്‌സ്യങ്ങളുമായി ഇവക്ക് യാതൊരു ബന്ധവുമില്ല. സ്വാഭാവിക ജൈവ പ്രക്രിയകൾ അവസാനിക്കുന്നത് മൂലമുള്ള മരണം- അതായത്, പ്രായാധിക്യം വന്നൊരു മരണം ജെല്ലിഫിഷിന് ഇല്ല. അപകടമോ, മറ്റ് ജീവികളുടെ ആക്രമണമോ സംഭവിച്ചില്ലെങ്കിൽ ജെല്ലിഫിഷ് എത്രകാലം വേണമെങ്കിലും ജീവിക്കും.
'ആയുസ്' എന്ന സങ്കല്പത്തെ കൊഞ്ഞനം കുത്തുന്ന മറ്റൊരു ചിരഞ്ജീവിയാണ് 'ജലകരടി'(water bear) എന്നറിയപ്പെടുന്ന ടാഡിഗ്രേഡകള്‍(Tardigrade). അര മില്ലീമീറ്റർ മുതൽ ഒന്നര മില്ലീമീറ്റർ വരെ വലിപ്പമുളള ഒരു ജലജീവിയാണിത്.150 ഡിഗ്രി ഊഷ്മാവിലും, മൈനസ് 272 ഡിഗ്രി കൊടും തണുപ്പിലും- അതായത് absolute zero (-273,16° Celsius) യുടെ തൊട്ടടുത്ത സാഹചര്യത്തിലും ജീവിക്കാൻ കഴിയുന്ന ഒരു വിചിത്ര ജീവിയാണിത്. സമുദ്രത്തിൽ ഏറ്റവും ആഴം കൂടിയ ഭാഗമെന്നു കരുതപ്പെടുന്ന Mariana Trench ലെ സമ്മർദത്തിന്റെ ആറിരട്ടി പ്രഷർ വരെ താങ്ങാൻ ഇവയിലെ ചില സ്പീഷീസുകൾക്ക് ആവുമത്രേ.. ബഹിരാകാശത്തെ വാക്വം അവസ്ഥയിലും ഇവർക്ക് ജീവിക്കാനാവും.
മനുഷ്യ ശരീരത്തിന് ഹാനികരമായ ലെവലിലും ആയിരം മടങ്ങ് തീവ്രമായ കിരണങ്ങളെ പോലും അതിജീവിക്കാനാവുന്ന ടാഡിഗ്രേഡകള്‍ക്
മാസങ്ങളോളം വായുവില്ലാത്ത അവസ്ഥയേയും അതിജീവിക്കാനാവും.
കടുത്ത ചൂടിലും റേഡിയേഷന്‍ പ്രസരണത്തിലും അവ വിജയകരമായി അതിജീവിക്കുന്നത് ജൈവപ്രവര്‍ത്തനം താല്‍ക്കാലികമായി നിറുത്തിവെച്ചാണ്. ഈ ഘട്ടത്തില്‍ ദഹനവ്യവസ്ഥ ഏതാണ്ട് സമ്പൂര്‍ണ്ണമായും നിര്‍ജ്ജീവമായിരിക്കും. അനുകൂല സാഹചര്യം വരുമ്പോള്‍ വീണ്ടും ജീവിച്ചുതുടങ്ങും. എട്ടുകാലുകളുമായി കശേരുക്കളുള്ള ശരീരം തുഴഞ്ഞ് നീന്തിക്കളിക്കുന്ന ഇവ ചിലപ്പോൾ പൂപ്പലുകളിലും മറ്റും ജീവിക്കുന്നതിനാൽ 'പൂപ്പൽ പന്നി'യെന്നും (moss piglets); ബഹിരാകാശത്ത് യാതൊന്നും കൂസാതെ ജീവിക്കുമെന്നതിനാൽ ‘ആകാശപ്പന്നി’(space bears) എന്ന പേരിലുമൊക്കെ അറിയപ്പെടുന്നു.
അമീബ, ഹൈഡ്ര, ലോബ്സ്റ്ററുകൾ ബാക്റ്റീരിയകൾ ഇവയൊക്കെ സത്യത്തിൽ ചിരഞ്ജീവികൾ ആണ്. മരണമില്ലാത്ത ജീവികൾ!! ചാവണമെങ്കിൽ ഇവയെയൊക്കെ പിടിച്ചു അമ്മിക്കല്ലില്‍ ഇട്ട് അരക്കണം, അല്ലെങ്കിൽ മറ്റുജീവികൾ ആഹരിക്കണം. ആന്റീബയോട്ടികൊക്കെ പ്രയോഗിച്ച് നശിപ്പിക്കാമെന്നല്ലാതെ ഇവയുടെ ഇടയിൽ സ്വാഭാവികമായ മരണം എന്നൊന്ന് ഇല്ല തന്നെ..! അതെ, ശരിക്കും ചിരഞ്ജീവികൾ!!!
'മരണത്തെ അതിജീവിക്കുക' എന്ന മനുഷ്യരാശിയുടെ സ്വപ്‌നത്തിന്റെ സാക്ഷാത്‌കാരം ശാസ്‌ത്രത്തിലൂടെ ഒരുനാൾ സംഭവിക്കുകതന്നെ ചെയ്യും.
അതെ, ഭാവിയിൽ മനുഷ്യർക്കും ചിരഞ്ജീവിത്വം കൈവരിക്കാനാവുമെന്ന് തന്നെ കരുതാം. കാരണം, എല്ലാ ജീവികളും മരികുന്നവയല്ലെന്ന് നാം കണ്ടു കഴിഞ്ഞു- ഭൂമിയിലെ പല ആദിമജീവികളും ഇന്നും മരിച്ചിട്ടില്ലെന്നും.
കോടിക്കണക്കിന് വര്‍ഷങ്ങളായി ജനിമൃതികളില്ലാത്ത ആ സൂക്ഷജീവികള്‍ ഇന്നും ഭൂമിയിലുണ്ട്.
'കാലനില്ലാത്ത കാലം' കവിഭാവനയായിരിക്കാം. എന്നാൽ, ഭൂമിയിൽ മരണം ഇല്ലാത്ത കാലം ഉണ്ടായിരുന്നു. മരണം എന്ന ജൈവികപ്രതിഭാസം ജീവികുലത്തിൽ തുടക്കത്തില്‍ ഉണ്ടായിരുന്നില്ല എന്നതത്രേ വാസ്തവം!! ആദിമ സൂക്ഷമജീവികള്‍ക്ക് മരണശേഷി ഉണ്ടായിരുന്നില്ല. അവരാരും പ്രായമെത്തി സ്വാഭാവിക മരണം അനുഭവിച്ചില്ല. പരിണാമചരിത്രമനുസരിച്ച് മരണം ഒരു പില്‍ക്കാല തെരഞ്ഞെടുപ്പാണ്. ലൈംഗികപ്രത്യുത്പാദനത്തിന്‍െറ കാര്യത്തിലെന്നപോലെ പ്രകൃതിനിര്‍ധാരണപരമായ ഒരു തെരഞ്ഞെടുപ്പിലൂടെയാണ് ജീവികുലത്തില്‍ മരണം ഉരുത്തിരിഞ്ഞത്.
മരണമില്ലാത്ത ജീവികളില്‍ നിന്നാണ് മനുഷ്യനടക്കമുള്ള ഇന്നു കാണുന്ന മരിക്കുന്ന ജീവികളെല്ലാം തന്നെ പരിണമിച്ചുണ്ടായിരിക്കുന്നത്.
മരിക്കുന്ന കോശങ്ങളാണ് ജീവി മരണത്തിന് കാരണം. കോശങ്ങളുടെ വിഭജനശേഷി ക്രമേണ നഷ്ടപ്പെടുമ്പോഴാണ് സ്വാഭാവിക മരണം സംഭവിക്കുന്നത്.
അതായത്,
ജൈവ കോശങ്ങൾ സ്വയം നടത്തുന്ന വിഭജനം ആണ് ജീവികളുടെ വികാസത്തിന് ആധാരം. ഓരോ കോശത്തിനും ഈ വിഘടിക്കാനുള്ള കഴിവ് പരിമിതമാണ്.
മരണമുള്ള എല്ലാ ജീവിവർഗത്തിനും ഈ കോശ വിഭജന പരിധി, അഥവാ Hayflik limit ഉണ്ട്. മനുഷ്യനെ സംബന്ധിച്ച് hayflick limit 50-60 ആണ്. മനുഷ്യൻറെ
ഗര്‍ഭസ്ഥ ഘട്ടത്തില്‍ കോശ വിഭജനം (Mitosis) 32 തവണ നടക്കുന്നുണ്ട്. ജനിച്ച് 56 ദിവസം എത്തുമ്പോള്‍ അടുത്ത വിഭജനം നടക്കുന്നു. ഇപ്രകാരം ശരാശരി 50 - 60 തവണ കഴിഞ്ഞാല്‍ കോശത്തിന്‍റെ വിഭജിക്കാനുള്ള ശേഷി
നശിക്കുകയും കോശങ്ങളുടെ ജീർണനം (senescence) ആരംഭിക്കുകയും ചെയ്യുന്നു. ഈ ജീർണനത്തിന്റെ പ്രധാന കാരണം ക്രോമസോമുകളുടെ അറ്റം സംരക്ഷിക്കുന്ന ടെലോമറുകളുടെ (telemores) ചെറുതാവൽ ആണ്. ടെലമെറുകള്‍ക്ക്(telomers)തേയ്മാനം സംഭവിച്ച് സ്വയം വിഭജിക്കാനുള്ള ശേഷി കുറയുന്നതിനുസരിച്ച് കോശങ്ങള്‍ക്ക് വാര്‍ദ്ധക്യം(cellular senescence) കടന്നു വരുന്നു. തത്ഫലമായി ജീവിക്കും വാര്‍ദ്ധക്യമുണ്ടാകുന്നു; ക്രമേണ മരണവും.
കോശത്തിൻറെ വിഭജനശേഷി നിലനിർത്താനായാൽ- അനുകൂലമായ രീതിയിൽ അനന്തമായ കോശവിഭജനശേഷി കൈവരിക്കാനായാൽ, മനുഷ്യന് ജരാ നരകൾ ബാധിക്കാതെ ചിരഞ്ജീവിത്വം കൈവരിക്കാം. പിറന്നു വീഴുന്നതു മുതലുള്ള മനുഷ്യന്റെ അടങ്ങാത്ത അന്വേഷണ ത്വരയാണ് ശാസ്ത്രത്തെ മുന്നോട്ട് നയിക്കുന്നത്. ശാസ്ത്രം വികസിച്ചു കൊണ്ടേയിരിക്കയാണ്. ഇന്നലെ വരെ അസാധ്യമായ പലതും ഇന്ന് സാധ്യമായത് പോലെ, ഇന്ന് അസാധ്യമായ പലതും നാളെ സാധ്യമാകാമല്ലോ...
No comments:
Post a Comment