വൈറസിന് ജീവനുണ്ടോ?


ഭൂമിയിൽ ഇന്നേവരെ കണ്ടെത്തിയിട്ടുള്ള വലുതും ചെറുതും സൂക്ഷ്മവുമായിട്ടുള്ള എല്ലാ ജീവജാലങ്ങളേയും പ്രത്യക ഗ്രൂപ്പുകൾ ആയി ശാസ്ത്ര ലോകം തിരിച്ചിട്ടുണ്ട്. ജന്തുക്കൾ- സസ്യങ്ങൾ- ഫംഗസുകൾ- പ്രോട്ടീസ്റ്റേകൾ- മോണേറേ എന്നിവയാണവ. ഈ വർഗീകരണരീതീതിയിൽ  ഇടം നേടാനാവാതെപോയ ഒരു    വിഭാഗം ഉണ്ട്; ജൈവ ശാസ്ത്ര വർഗീകരണ വിദഗ്ധർക്ക്  എന്നും  തലവേദനയുണ്ടാക്കുന്ന ആ പ്രത്യേക ജന്മങ്ങളാണ് വൈറസുകൾ.

മനുഷ്യരില്‍ വസൂരി, മീസെൽസ്, റൂബെല്ല, മുണ്ടിവീക്കം, പിള്ള വാതം, ഇന്‍ഫ്ളുവന്‍സ,  ജലദോഷം തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കാരണമാകുന്നത് വ്യത്യസ്തതരം വൈറസുകളാണ്. കന്നുകാലികള്‍ക്ക് കുളമ്പ് രോഗമുണ്ടാകുന്നതും പട്ടികള്‍ക്ക് പേയിളകുന്നതും വൈറസ് ബാധമൂലമാണ്.

എന്നാൽ,
ഈ വൈറസിന് ജീവനുണ്ടോ ?
വൈറസുകൾ ജീവികളാണോ ?

എന്താണ് 'ജീവൻ' എന്നതിന് കൃത്യമായ  ഒരു നിർവചനം പറയാനാവാത്തിടത്തോളം ഈ ചോദ്യത്തിന് ഒറ്റവാചകത്തിൽ മറുപടി പറയുക അത്ര എളുപ്പമല്ല. ആയതിനാൽ വൈറസുകളുടെ ഘടനയും പ്രവർത്തനവും വീശദീകരിച്ചതിനു ശേഷം നിർവചനത്തിൻറെ പ്രശ്നം നിങ്ങൾക്കുതന്നെ വിട്ടു തരുന്നതായിരിക്കും ശരി.

1892ൽ റഷ്യൻ ശാസ്ത്രജ്ഞനായ ഇവാനോവ്സ്കി തേയിലച്ചെടിയുടെ ഇലകളിൽ കാണുന്ന മൊസെയ്ക് രോഗത്തിന്റെ കാരണം, ബാക്ടീരിയകളേക്കാൾ സൂക്ഷ്മമായ കണികകളാണെന്ന് തെളിയിച്ചതോടെയാണ് വൈറസുകളെ പറ്റി മനുഷ്യൻ ആദ്യമായി  മനസിലാക്കുന്നത്. അതിനുശേഷം
ഏതാണ്ട് 5000ലേറെ വൈറസുകളെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യരിലും ജന്തുക്കളിലും സസ്യങ്ങളിലുമെല്ലാം ഇവ രോഗകാരണമാകുന്നു. ജന്തുക്കള്‍ക്ക് രോഗമുണ്ടാക്കുന്ന വൈറസുകള്‍ സസ്യങ്ങള്‍ക്കോ സസ്യങ്ങള്‍ക്ക് രോഗമുണ്ടാക്കുന്ന വൈറസുകള്‍ ജന്തുക്കള്‍ക്കോ രോഗമുണ്ടാക്കാറില്ല.
വൈറസുകൾ നിരവധി രൂപങ്ങളിലും ആകാരങ്ങളിലുമുണ്ട്. ഒരു പ്രോടീൻ ചെപ്പിനുള്ളിലെ Nucleic Acid; അത്രമാത്രമാണ് ഒരു വൈറസ് -
ക്യാപ്സിഡ് (Capsid) എന്ന ഒരു പ്രോട്ടീനിനാൽ പൊതിഞ്ഞു വച്ചിരിക്കുന്ന ആർ.എൻ.എ അല്ലെങ്കിൽ ഡി.എൻ.എ യാൽ നിർമിതമായ ഒരു ജനിതകപദാർഥം.
DNA ഉള്ളതിനെ DNA Virus എന്നും RNA ഉള്ളതിനെ RNA വൈറസ് എന്നും വിളിക്കും. പത്തു മുതൽ ഇരുപത് വരെ നാനോ മീറ്റർ ആണ്  ഇവയുടെ വലിപ്പം. ഒരു മില്ലീ മീറ്റിന്റെ പത്ത് ലക്ഷത്തിലൊരംശമാണ് ഒരു നാനോമീറ്റർ.
സ്വാഭാവികമായും ഇവയെ നഗ്നനേത്രങ്ങൾ കൊണ്ടെന്നല്ല സാദാരണ മൈക്രോസ്കോപ്പ് കൊണ്ടു പോലും കാണാനാവില്ല. ഇലക്ട്രോൺ മൈക്രോഗ്രാഫുകൾ വഴിയാണ് വൈറസുകളുടെ ആകാര വൈവിധ്യം മനസിലാക്കാനായത്.

ജീവന്റെ സൂക്ഷ്മ തലത്തിൽ ജീവനുളളത് ജീവനില്ലാത്തത് എന്ന് വസ്തുക്കളെ വേർതിരിക്കുക പ്രയാസമുള്ള കാര്യമാണ്. ജീവനുള്ളതും ഇല്ലാത്തതും തമ്മിലുള്ള ഒരു പ്രധാന കണ്ണിയായി വൈറസിനെ വേണമെങ്കിൽ കരുതാം. വൈറസ് എന്ന വാക്കിന് ലാറ്റിനില്‍ വിഷം എന്നാണര്‍ഥം. ഗ്രീക്ക് ഭാഷയിലും ഇതിന് വിഷം എന്നുതന്നെയാണ് അർത്ഥം. സ്വതന്ത്രമായി കാണുന്ന വൈറസ് കണികകളെ വൈറിയോണുകളെന്നു (virion) വിളിക്കുന്നു. പൊതുവെ നമ്മൾ ജീവനൂള്ളത് എന്നതുകൊണ്ട്  അർത്ഥമാക്കുന്ന ഉപാപചയ പ്രവർത്തികളോ, എൻസൈമുകളോ ഒന്നും തന്നെ വൈറസിനില്ല. ജീവികളെല്ലാം കോശങ്ങളാൽ നിർമ്മിതമാണ്. എന്നാൽ വൈറസിന് കോശവുമില്ല. അവ
ശ്വസിക്കില്ല, ആഹരിക്കില്ല, വളരില്ല, വിസർജിക്കില്ല; ബാക്ടീരിയകളെ പോലെ പ്രത്യുത്പാദന വിഭജനമോ ഒന്നും തന്നെ ഇല്ല. ഒരസാധാരണ ജന്മം.

വളരുക മൂക്കുക പെറ്റുപെരുകുക പുതിയ മേച്ചിൽ പുറങ്ങൾ തേടുക -എന്നതൊക്കെയാണ് നാം കാണ്ടുവരുന്ന ജീവന്റെ പൊതു സ്വഭാവം. നാം മനുഷ്യർ ആഫ്രിക്കൻ കാടുകളിൽ നിന്ന് ഭൂഖണ്ഡാന്തര യാത്രകൾ നടത്തിയതും, ഈ ശാസ്ത്രയുഗത്തിൽ മറ്റു ഗ്രഹങ്ങൾ വാസയോഗ്യമാണോ എന്ന് അന്വേഷിക്കുന്നതുമെല്ലാം ഈ അടിസ്ഥാന ചോദനയുടെ ഭാഗമായിരിക്കാം.. ഇങ്ങനെ പെരുകിപ്പരക്കാൻ- അഥവാ,
വിഭജിച്ച്  പെരുകാൻ സഹായിക്കുന്ന സാമഗ്രികൾ, ഊർജം ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ വൈറസിന്റെ ജനിതക പദാർഥത്തിന് വിഭജിച്ച് പെരുകണം എങ്കിൽ മറ്റൊരു  'ജൈവകോശം' ആവശ്യമാണ്. ഒരു കോശത്തിനകത്തു കയറി അതിലെ ജനിതകപദാർത്ഥം ആയി കൂടിച്ചേർന്ന്, ആ കോശത്തെ കൊണ്ട് സ്വ ജനിതകപദാർത്ഥ വിഭജനം നടത്തിക്കുകയാണ് ഈ സൂക്ഷ്മ രേണുക്കൾ ചെയ്യുന്നത്. വൈറൽ ഡി.എൻ.എ, ആതിഥേയ കോശത്തിന്റെ   സാമഗ്രികൾ (ഊർജം, എൻസൈമുകൾ, etc..) ഉപയോഗിച്ച് പുതിയ ക്യാപ്സിഡ് ആവരണങ്ങളും വൈറസ് ഡി.എൻ.എയും നിർമിക്കുന്നു. എല്ലാ ജീവികളുടെയും കോശത്തിലെ ക്രോമോസോമിൽ ഉള്ള ജനിതക വസ്തുവാണ് DNA (De Oxy Ribonucleic Acid ). DNA യുടെ നിർദേശം അനുസരിച്ചു പ്രോടീൻ ഉണ്ടാക്കലാണ് ന്യുക്ലിയസിനു പുറത്തു കാണുന്ന RNA (Ribonucleic Acid) യുടെ ജോലി.
ഏതെങ്കിലും തരത്തിൽ മറ്റൊരു ജീവിയുടെ ജീവകോശത്തിനടുത്തെത്തിയാൽ അതുവരെ നിർജീവമായിരുന്ന വൈറസ് സജീവമാവുകയും ചുറ്റും ഉള്ള കാലുകൾ പോലുള്ള തന്തുക്കൾ കൊണ്ട് കോശത്തിന്റെ പുറത്ത് അമർന്നിരിക്കുകയും ചെയ്യുന്നു.

പിന്നെ ഉള്ളിലെ DNA അകത്തേക്ക് കുത്തി വക്കും.  DNA അകത്തേക്ക്  പോയി കഴിഞ്ഞാൽ ആവരണം ഇളകി തെറിക്കും.  ഉള്ളിൽ എത്തിയ DNA ആഥിതേയ കോശത്തിന്റെ RNA യെ ഉപയോഗിച്ച്
സ്വന്തം പ്രോട്ടീൻ കൂടുകൾ അഥവാ Capsid കൾ നിർമിക്കും. അതും ആഥിതേയ കോശം സൂക്ഷിച്ചിരിക്കുന്ന അമിനോ ആസിഡുകൾ കൊണ്ട്.
തുടർന്ന് വിഭജിച്ച് ജനിതകപദാർഥവും ക്യാപ്സിഡ് ആവരണവും ആയി പുതിയ തലമുറ വൈറസുകൾ 'ജീവൻ' എടുക്കും!
ഇങ്ങനെ പലതായി വിഭജിച്ച ഓരോ പുതിയ DNA യും ഓരോ കൂടിൽ കടക്കും. അങ്ങിനെ കോശം നിറയെ പുതിയ വൈറസുകൾ നിറയും. പിന്നെ പുതിയ മേച്ചിൽ പുറംതേടി കോശത്തിനെ പൊട്ടിച്ചു പുറത്തിറങ്ങും.
വഴിപിരിഞ്ഞു മറ്റ് കോശങ്ങളിൽ ആക്രമണം തുടങ്ങും. ഒറ്റ വൈറസിൽ നിന്നും ലക്ഷകണക്കിന് എണ്ണം. എല്ലാംകൂടി കോശങ്ങളെ തളർത്തുന്നു.
വൈറസുകള്‍ പെരുകുമ്പോള്‍ ജീവകോശങ്ങള്‍ക്കുണ്ടാകുന്ന നാശമോ തകരാറോ ആണ് മറ്റു ജീവികളില്‍ രോഗങ്ങളായി പ്രത്യക്ഷപ്പെടുന്നത്. ജന്തുക്കൾക്കും സസ്യങ്ങൾക്കും മാത്രമല്ല ,   അതി സൂക്മമായ ബാക്റ്റീരിയകളെ പോലും ആക്രമിക്കുന്ന വൈറസുകളുണ്ട്. അവയാണ് ബാക്ടീരിയോഫേജുകൾ ( Bacteriophages)

ഒരു ജീവകോശത്തിന് അതിന്റെ ആന്തരികവ്യവസ്ഥകളെ ബാഹ്യഘടകങ്ങളിൽ ഉണ്ടാവുന്ന വ്യതിയാനങ്ങളിൽ നിന്നും നിയന്ത്രിച്ചു നിർത്താൻ സാധിക്കും (Homeostasis). എന്നാൽ, ആഥിതേയ കോശത്തിന് പുറത്താണെങ്കിൽ വൈറസുകൾക്ക് ഇത് സാധ്യമല്ല. അത് കൊണ്ട് തന്നെ  ചൂട്, pH, വികിരണങ്ങൾ തുടങ്ങി പലകാരണം കൊണ്ട്  വൈറൽ ഡി.എൻ.എ വളരെ പെട്ടെന്ന് വിഘടിക്കും. നശിക്കും.
അതായത്, ജൈവകോശത്തിന് പുറത്തൊരു ജീവനോ ജീവിതമോ വൈറസിനില്ലെന്ന് ചുരുക്കം.
ജൈവകോശത്തിന് പുറത്ത് അജൈവമായ ഒരു ക്രിസ്റ്റൽ അവസ്ഥയാണ് വൈറസുകൾക്. എല്ലാ വൈറസുകളും ഏതെങ്കിലും ജീവിയുടെ കോശത്തിലെ പരജീവികളായി വർത്തിക്കും. ആഥിതേയ കോശത്തിന്ന് അകത്തെത്തിയാൽ മാത്രം 'ജീവനുള്ള' തന്മാത്രകൾ ആയി പ്രവൃത്തിക്കും. അപ്പോൾ വിഭജനം, ഉൽപരിവർത്തനം(mutation), പ്രകൃതിനിർധാരണം(natural selection) - എല്ലാം വൈറസുകൾക്കും ബാധകം.

എല്ലാ വൈറസുകൾക്കും എല്ലാ കോശങ്ങളിലും കയറാൻ സാധിക്കില്ല. വിവിധ ജൈവകോശങ്ങളുടെ പുറത്തുള്ള വ്യത്യസ്ത  രാസഘടനകൾ വ്യത്യസ്ത വൈറസുകളെ ആകർഷിക്കുന്നു.
വൈറസ് കടന്നാൽ ആ കോശത്തിന്റെ  നാശം ആണ് ഫലം. വൈറസിനെ കൊണ്ട് നമുക്ക് രോഗികളുണ്ടാവുന്നു എന്നത് ശരിതന്നെ, എന്നാൽ ചില പ്രയോജനങ്ങളുമുണ്ട് അവയെ കൊണ്ട്. പല വ്ക്സിനുകളും വികസിപ്പിച്ചെടുക്കാനും റീകോമ്പിനന്റ് DNA സാങ്കേതിക വിദ്യയിലൂടെ പുതിയ ഇനം വിളകളും മറ്റും വികസിപ്പിച്ചെടുക്കുന്ന പ്രക്രിയയിലും വൈറസുകൾ മുഖ്യ പങ്കു വഹിക്കുന്നു.

No comments:

Post a Comment